Skip to content

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവരാജ് സിങിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലായിരുന്നു 2007 ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയത്. 2011 ലോകകപ്പിലെ മാൻ ഓഫ് ദി സീരീസും യുവവിയായിരുന്നു. പതിനെട്ടാം വയസ്സിൽ 2000ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച യുവരാജ് 2017 ജൂണിൽ വെസ്റ്റിൻഡീസിനെതിരെയാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

304 ഏകദിന മത്സരങ്ങൾ കളിച്ച യുവി 36.55 ശരാശരിയിൽ 14 സെഞ്ചുറിയും 52 ഫിഫ്റ്റിയുമടക്കം 8701 റൺസ് നേടിയിട്ടുണ്ട്. 2003 ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യുവി 40 മത്സരത്തിൽ നിന്നും 33.92 ശരാശരിയിൽ 1900 റൺസ് നേടിയിട്ടുണ്ട്. 11 ഫിഫ്റ്റിയും മൂന്ന് സെഞ്ചുറിയും ടെസ്റ്റ് ക്രിക്കറ്റിൽ യുവി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി20യിൽ 58 മത്സരത്തിൽ നിന്നും 117 റൺസ് നേടിയ യുവി ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടിയ ബാറ്റ്‌സ്മാൻ കൂടിയാണ്. സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്സ് നേടിയ ആ മത്സരത്തിൽ 12 പന്തിൽ നിന്നാണ് യുവി ഫിഫ്റ്റിനേടിയത്. 12 വർഷത്തിനിപ്പുറവും ആ റെക്കോർഡ് തകർക്കാൻ ആർക്കും സാധിച്ചിട്ടില്ല.