Skip to content

ആരാധകരുടെ തെറ്റിന് സ്മിത്തിനോട് മാപ്പ് ചോദിച്ച് വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ ചതിയനെന്ന് വിളിച്ച് കൂവി അപമാനിച്ച സംഭവത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 36 റൺസിന്റെ വിജയശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ആരാധകരുടെ മോശം പ്രതികരണത്തിന് സ്മിത്തിനോട് വ്യക്തിപരമായി മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കിയത്.

മത്സരത്തിനിടയിൽ ഫിഞ്ച് സ്മിത്തിനെ ബൗണ്ടറി ലൈനിൽ ഫീൽഡിങിനയച്ചപ്പോളാണ് സംഭവം അരങ്ങേറിയത്. സ്മിത്തിനെ ചതിയനെന്ന് കാണികൾ വിളിച്ചുകൂവുകയും ഇത് ശ്രദ്ധയിൽ പെട്ട കോഹ്ലി ആരാധകർക്ക് നേരെ തിരിഞ്ഞ് കൂവൽ നിർത്താൻ ആവശ്യപെടാൻ ആംഗ്യം കാണിക്കുകയും ചെയ്തു.

” കൂവാൻ മാത്രം സ്മിത്ത് തെറ്റ് ചെയ്തതായി ഞാൻ ഇപ്പോഴും കരുതുന്നില്ല. സംഭവിച്ചതെല്ലാം സംഭവിച്ചു. ഇപ്പോൾ അവൻ തിരിച്ചെത്തി. ടീമിന് വേണ്ടി മികച്ച ഇന്നിങ്സുകൾ കളിക്കുന്നു. സ്മിത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള പ്രതികരണം എനിക്ക് ഇഷ്ട്ടപെടില്ല . ചെയ്ത തെറ്റിന് മാപ്പും ശിക്ഷയും ഏറ്റുവാങ്ങിയ ശേഷം ഇത്തരത്തിലൊരു സമീപനം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ആരാധകർക്ക് വേണ്ടി സ്മിത്തിനോട് മാപ്പ് പറയുകയും ചെയ്തു ” മത്സരശേഷം വിരാട് കോഹ്ലി വ്യക്തമാക്കി.