Skip to content

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

ക്രിക്കറ്റ് ലോകകപ്പിനെ സ്വീകരിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ . മേയ് 30 ന് ആരംഭിക്കുന്ന ലോകകിരീടത്തിനുള്ള പോരാട്ടത്തിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്… ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ച്‌ ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് നോക്കാം …

സച്ചിൻ ടെണ്ടുൽക്കർ -2278 റൺസ്

ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് ലോകകപ്പിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ. 1992, 1996, 1999, 2003, 2007, 2011 എന്നീ ആറ് വേൾഡ് കപ്പുകളിൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ സച്ചിൻ 45 മത്സരത്തിൽ നിന്നും 56.95 ശരാശരിയിൽ 2278 റൺസ് നേടിയിട്ടുണ്ട്. ആറ് സെഞ്ചുറിയും 14 ഫിഫ്റ്റിയും നേടിയ സച്ചിന്റെ ഏറ്റവും ഉയർന്ന സ്കോർ 152 ആണ്.

റിക്കി പോണ്ടിങ് – 1743 റൺസ്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ് സച്ചിന് പുറകിൽ രണ്ടാം സ്ഥാനത്തുള്ളത്. 46 മത്സരത്തിൽ നിന്നും 45.86 ശരാശരിയിൽ 1743 റൺസ് റിക്കി പോണ്ടിങ് നേടിയിട്ടുണ്ട്. രണ്ട് തവണ ക്യാപ്റ്റനായി ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ച പോണ്ടിങ് ഒരു തവണ പ്ലേയർ എന്ന നിലയിലും ലോകകിരീടം ചൂടി. അഞ്ച് സെഞ്ചുറിയും ആറ് ഫിഫ്റ്റിയും നേടിയ പോണ്ടിങിന്റെ ഉയർന്ന സ്കോർ 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ 140 റൺസാണ്.

കുമാർ സംഗക്കാര – 1532 റൺസ്

മുൻ ശ്രീലങ്കൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ കുമാർ സംഗക്കാരയാണ് സച്ചിനും പോണ്ടിങ്ങിനും പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്. 56.78 ശരാശരിയിൽ അഞ്ച് സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയുമടക്കം 1532 റൺസ് സംഗക്കാര നേടിയിട്ടുണ്ട്.

ബ്രയാൻ ലാറ – 1225 റൺസ്

വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ ബാറ്റ്‌സ്മാൻ. 34 ലോകകപ്പ് മത്സരങ്ങൾ കളിച്ച ലാറ 42.34 ശരാശരിയിൽ 1225 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയും ഈ കരീബിയൻ ഇതിഹാസം ലോകകപ്പിൽ നേടി.

എബി ഡിവില്ലിയേഴ്സ് – 1207

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്‌സാണ് അഞ്ചാം സ്ഥാനത്തുള്ള ബാറ്റ്‌സ്മാൻ. വെറും 23 മത്സരത്തിൽ നിന്നു മാത്രം 63.52 ശരാശരിയിൽ 1207 റൺസ് നേടിയ ഡിവില്ലിയേഴ്‌സിന്റെ ലോകകപ്പിലെ സ്‌ട്രൈക് റേറ്റ് 117 നും മേലെയാണ്. ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 162 ആണ്.