Skip to content

തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സസ്‌പെൻഷൻ. ഇതിനെ തുടർന്ന് പരമ്പരയിലെ അടുത്ത മത്സരത്തിൽ മോർഗന് കളിക്കാൻ സാധിക്കില്ല. സസ്‌പെൻഷന് പുറമെ മോർഗൻ മാച്ച് ഫീയുടെ 40 ശതമാനവും മറ്റ് ടീമംഗങ്ങൾ മാച്ച് ഫീയുടെ 20 ശതമാനവും പിഴയായി നൽകേണ്ടി വരും. ഫെബ്രുവരിയിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ഏകദിന മത്സരത്തിലും സ്ലോ ഓവർ റേറ്റ് മൂലം മോർഗൻ പിഴയടക്കേണ്ടി വന്നിരുന്നു. 12 മാസത്തിനിടയിൽ വീണ്ടും ഇതേ കുറ്റം ആവർത്തിച്ചതിനാലാണ് സസ്‌പെൻഷൻ അടക്കമുള്ള കടുത്ത നടപടിയിലേക്ക് ഐസിസി നീങ്ങിയത്.

മോർഗനെ കൂടാതെ മത്സരത്തിൽ പുറത്തായപ്പോൾ ബാറ്റ് കൊണ്ട് സ്റ്റമ്പിൽ തട്ടിയ ഓപ്പണർ ജോണി ബെയർസ്റ്റോയ്ക്കെതിരെയും ഐസിസി നടപടിയെടുത്തു.

മത്സരത്തിൽ ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. പാകിസ്ഥാൻ ഉയർത്തിയ 359 റൺസിന്റെ വിജയലക്ഷ്യം 44.5 ഓവറിൽ വെറും നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നിരുന്നു. 93 പന്തിൽ 128 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം അനായാസം മറികടന്നത്.