Skip to content

ബട്ട്ലറെ എങ്ങനെ പ്രതിരോധിക്കണമെന്ന് എനിക്കറിയില്ല ; പാകിസ്ഥാൻ പരിശീലകൻ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത്. 50 പന്തിൽ സെഞ്ചുറി നേടിയ ബട്ട്ലർ മത്സരത്തിൽ ആറ് ഫോറും ഒമ്പത് സിക്സുമടക്കം 55 പന്തിൽ 110 റൺസ് അടിച്ചുകൂട്ടി. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബട്ട്ലർ കാഴ്ച്ചവെച്ച ഈ പ്രകടനം മറ്റുടീമുകൾക്ക് മുന്നറിയിപ്പ് കൂടിയാണ്.

അക്കാര്യത്തിൽ ഉത്തരമില്ല

മത്സരത്തിന് ശേഷം ജോസ് ബട്ട്ലറെ എങ്ങനെ പ്രതിരോധിക്കണമെന്ന് തനിക്കറിയില്ലെന്ന് പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ തുറന്നുപറഞ്ഞു.

” എനിക്കറിയില്ല . ഇക്കാര്യം ഞാൻ ബൗളർമാരോടും ചോദിച്ചിരുന്നു. അവരും എനിക്ക് ഉത്തരം തന്നില്ല. അവനെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അവനെ പുറത്താക്കാനുള്ള വഴികൾ ഞങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കൂടുതൽ സമയം അവൻ ബാറ്റ് ചെയ്താൽ ഗുരുതരമായ ഘതം എതിർടീമിനുണ്ടാകും ” മത്സരശേഷം പാകിസ്ഥാൻ പരിശീലകൻ പറഞ്ഞു.

മത്സരത്തോടെ തന്റെ എട്ടാം ഏകദിന സെഞ്ചുറി നേടിയ ബട്ട്ലർ ഇതുവരെ 42 ന് മുകളിൽ ശരാശരിയിൽ 3497 റൺസ് നേടിയിട്ടുണ്ട്. 120 നടുത്താണ് ബട്ട്ലറുടെ ബാറ്റിങ് സ്‌ട്രൈക് റേറ്റ്. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സലും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലും മാത്രമാണ് ബട്ട്ലറിന് മുകളിൽ സ്‌ട്രൈക് റേറ്റുള്ള ബാറ്റ്‌സ്മാന്മാർ.