Skip to content

ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി രണ്ടാം ക്വാളിഫയറിൽ

എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ രണ്ടാം ക്വാളിഫയറിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സാണ് ഡൽഹിയുടെ എതിരാളി. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിലാണ്  ഡൽഹി മറികടന്നത്. 38 പന്തിൽ 56 റൺസ് നേടിയ പൃഥ്വി ഷാ, 21 പന്തിൽ 49 റൺസ് നേടി തകർത്തടിച്ച റിഷാബ് പന്ത് എന്നിവരുടെ മികവിലാണ് ഡൽഹി വിജയം നേടിയത്. അഞ്ച് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. സൺറൈസേഴ്‌സിന് വേണ്ടി റാഷിദ് ഖാൻ, ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ദീപക് ഹൂഡ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സിനെ 19 പന്തിൽ 36 റൺസ് നേടിയ മാർട്ടിൻ ഗപ്ട്ടിൽ, 11 പന്തിൽ 25 റൺസ് നേടിയ വിജയ് ശങ്കർ എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഡൽഹിയ്ക്ക് വേണ്ടി കീമോ പോൾ മൂന്നും ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റും നേടി.