Skip to content

അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം

ട്രൈ സീരീസിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ വമ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 382 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 34.4 ഓവറിൽ 185 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 77 പന്തിൽ 68 റൺസ് നേടിയ കെവിൻ ഒബ്രയനും 42 പന്തിൽ 30 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഗാരി വിൽസണും മാത്രമേ അയർലൻഡിന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

വെസ്റ്റിൻഡീസിന് വേണ്ടി ആഷ്‌ലി നഴ്‌സ് നാല് വിക്കറ്റും ഷാനോൻ ഗബ്രിയേൽ മൂന്ന് വിക്കറ്റും കേമർ റോച്ച് രണ്ട് വിക്കറ്റും ഷെൽഡൻ കോട്രൽ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 137 പന്തിൽ 179 റൺസ് നേടിയ ജോൺ ക്യാമ്പ്ബെൽ, 152 പന്തിൽ 170 റൺസ് നേടിയ ഷായ് ഹോപ്പ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 365 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു.

മേയ് ഏഴിന് വെസ്റ്റിൻഡീസും ബംഗ്ലാദേശും തമ്മിലാണ് പരമ്പരയിലെ അടുത്ത മത്സരം.