Skip to content

തകർത്തടിച്ച് പരാഗ് ഒടുവിൽ ആർച്ചറിന്റെ ഫിനിഷ് ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

പതിനേഴുക്കാരൻ റിയാൻ പരാഗിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. മികച്ച തുടക്കമാണ് രഹാനെയും സഞ്ജു സാംസണും രാജസ്ഥാന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 53 റൺസ് കൂട്ടിച്ചേർത്തു. രഹാനെ 21 പന്തിൽ 34 റൺസ് നേടിയപ്പോൾ സാംസൺ 15 പന്തിൽ 22 റൺസ് നേടി. എന്നാൽ തുടരെ തുടരെ വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്ത മത്സരത്തിൽ തിരിച്ചെത്തി.

നായകൻ സ്റ്റീവ് സ്മിത്ത് രണ്ട് റൺസും ബെൻ സ്റ്റോക്‌സ് 11 റൺസും നേടി പുറത്തായി. തുടർന്നെത്തിയ റിയാൻ പരാഗാണ് 31 പന്തിൽ 47 റൺസ് നേടി രാജസ്ഥാനെ മത്സരത്തിൽ തിരിച്ചെത്തിയത്. സ്രേയസ് ഗോപാൽ 9 പന്തിൽ 18 റൺസും ജോഫ്രാ ആർച്ചർ 12 പന്തിൽ 27 റൺസും നേടി മികച്ച പിന്തുണ നൽകി. അവസാന ഓവറിൽ 9 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ ഫോറും രണ്ടാം പന്തിൽ സിക്സും പറത്തിയാണ് ആർച്ചർ ടീമിനെ വിജയത്തിലെത്തിച്ചത്.

കൊൽക്കത്തയ്ക്ക് വേണ്ടി പിയുഷ് ചൗള മൂന്ന് വിക്കറ്റും സുനിൽ നരെയ്ൻ രണ്ട് വിക്കറ്റും റസ്സൽ പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.