Skip to content

വീരേന്ദർ സെവാഗിനും ബട്ട്ലർക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫിഫ്റ്റിയോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി അഞ്ച് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിൽ 45 പന്തിൽ 57 റൺസ് നേടിയ വാർണറുടെ ഈ സീസണിലെ ഏഴാം ഫിഫ്റ്റിയാണിത്. സീസണിൽ ഒരു സെഞ്ചുറിയും താരം നേടിയിരുന്നു. ഡൽഹി ഡെയർ ഡെവിൾസിന് ( ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് ) വേണ്ടി വീരേന്ദർ സേവാഗും രാജസ്ഥാൻ റോയൽസിന് വേണ്ടി ജോസ് ബട്ട്ലറുമാണ് ഇതിനുമുൻപ് ഐ പി എല്ലിൽ തുടർച്ചയായി ഫിഫ്റ്റി നേടിയ ബാറ്റ്‌സ്മാന്മാർ. 2012 ലാണ് വീരേന്ദർ സെവാഗ് ഈ നേട്ടം സ്വന്തമാക്കിയതെങ്കിൽ കഴിഞ്ഞ സീസണിലാണ് ബട്ട്ലർ ഈ അപൂർവ്വ നേട്ടത്തിലെത്തിയത്.

മാത്രമല്ല ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ വാർണറിന്റെ തുടർച്ചയായ അഞ്ചാം ഫിഫ്റ്റി കൂടിയാണിത്. ഇതാദ്യമായല്ല ഒരു ടീമിനെതിരെ തുടർച്ചയായി അഞ്ചോ അതിൽ കൂടുതലോ ഫിഫ്റ്റി വാർണർ നേടുന്നത്. 2014 മുതൽ 2016 വരെ ബാംഗ്ലൂരിനെതിരെ തുടർച്ചയായി ഏഴ് ഫിഫ്റ്റി നേടിയിട്ടുള്ള വാർണർ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നിലവിൽ തുടർച്ചയായി ഏഴ് ഫിഫ്റ്റി നേടിയിട്ടുണ്ട്.