Skip to content

അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

സൺറൈസേഴ്‌സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയോട് നന്ദി പറഞ്ഞ് ഓപണിങ് ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ. മത്സരത്തിന് മുൻപ് വരെ പത്ത് ഇന്നിങ്സിൽ നിന്നും 147 റൺസ് മാത്രമായിരുന്നു വാട്സൻ നേടിയിരുന്നത്. എന്നാൽ ആദ്യ മത്സരങ്ങളിലെ ഈ ഫോമില്ലായ്‌മയിലും വാട്സനെ ഒഴിവാക്കാൻ ധോണി തയ്യാറായില്ല.

” എന്നിൽ വിശ്വാസം അർപ്പിച്ചതിൽ ധോണിയോടും സ്റ്റീഫൻ ഫ്ലെമിങിനോടും നന്ദി പറയാതിരിക്കാൻ സാധിക്കില്ല. ഞാൻ ഇതിനുമുൻപ് കളിച്ച ഏതൊരു ടീമായാലും ഇപ്പോൾ എന്നെ ഒഴിവാക്കിയിരുന്നേനെ. ” മത്സരശേഷം ഷെയ്ൻ വാട്സൻ പറഞ്ഞു.

മത്സരത്തിൽ 53 പന്തിൽ ഒമ്പത് ഫോറും ആറ് സിക്സുമടക്കം 96 റൺസ് വാട്സൻ അടിച്ചുകൂട്ടി. 24 പന്തിൽ 38 റൺസ് നേടിയ സുരേഷ് റെയ്‌നയും വാട്‌സണ് മികച്ച പിന്തുണ നൽകി. സീസണിലെ ചെന്നൈയുടെ എട്ടാം വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയ ചെന്നൈ പ്ലേയോഫും ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.