Skip to content

അൽസാരി ജോസഫിന് പകരക്കാരനായി സൗത്താഫ്രിക്കൻ താരം മുംബൈ ഇന്ത്യൻസിൽ

പരിക്കേറ്റ അൽസാരി ജോസഫിന് പകരക്കാരനായി സൗത്താഫ്രിക്കൻ പേസ് ബൗളർ ബ്യൂറൻ ഹെൻഡ്രിക്‌സ് മുംബൈ ഇന്ത്യൻസിൽ. നേരത്തെ ആഡം മിൽനെ പകരക്കാരനായി ടീമിലെത്തിയ അൽസാരി ജോസഫ് അരങ്ങേറ്റ മത്സരത്തിൽ തന്നെ അവിശ്വസനീയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. 12 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ ജോസഫ് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ പറ്റിയ പരിക്ക് താരത്തിന് വില്ലനായി. മത്സരത്തിലാകട്ടെ മൂന്നോവറിൽ 53 റൺസ് ജോസഫ് വഴങ്ങുകയും ചെയ്തു.

ഇതിനുമുൻപ് ഐ പി എൽ 2014, 2015 സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കളിച്ച ഹെൻഡ്രിക്‌സ് പത്ത് മത്സരത്തിൽ നിന്നും ഒമ്പത് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതുവരെ സൗത്താഫ്രിക്കയ്ക്ക് വേണ്ടി രണ്ട് ഏകദിന മത്സരവും പത്ത് ട്വന്റി20 മത്സരവും ഹെൻഡ്രിക്‌സ് കളിച്ചിട്ടുണ്ട്.