Skip to content

മൂന്നാമനായി ബാറ്റ് ചെയ്യാൻ അവസരം നൽകിയത് എം എസ് ധോണി ; തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

തന്നെ ഇന്ത്യൻ ടീമിൽ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി പ്രൊമോട്ട് ചെയ്തത് എം എസ് ധോണിയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. താൻ ടീമിലെത്തിയതിന് കുറച്ചു മത്സരങ്ങൾക്ക് മറ്റു ബാറ്റ്‌സ്മാന്മാരെ എം എസ് ധോണിയ്ക്ക് പരീക്ഷിക്കാമായിരുന്നുവെന്നും അവസരങ്ങൾ കൈപിടിയിലൊതുക്കി പിന്തുണ നേടിയെടുക്കാൻ തനിക്ക് സാധിച്ചെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ കോഹ്ലി വ്യക്തമാക്കി. കോഹ്ലിക്കെതിരായ അനാവശ്യ വിമർശനങ്ങൾക്കെതിരെയും ഇന്ത്യൻ ക്യാപ്റ്റൻ തുറന്നടിച്ചു.

” ഞാൻ ഇന്ത്യൻ ടീമിലെത്തിയതിന് കുറച്ചു മത്സരങ്ങൾക്ക് ശേഷം മറ്റൊരാളെ പരിഗണിക്കാൻ അദ്ദേഹത്തിനാകുമായിരുന്നു. എന്നാൽ അവസരങ്ങൾ കൈപിടിയിലൊതുക്കി ആ പിന്തുണ നേടാൻ എനിക്ക് സാധിച്ചു. മൂന്നാം ബാറ്റ് ചെയ്യാൻ അവസരവും അദ്ദേഹം തന്നു. മറ്റു യുവതാരങ്ങൾക്ക് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവസരങ്ങൾ ലഭിക്കാറില്ല. ” വിരാട് കോഹ്ലി പറഞ്ഞു.

” മത്സരത്തെ പൂർണ്ണമായും അറിയാവുന്ന താരമാണ് ധോണി. ഒന്നാം പന്ത് മുതൽ മൂന്നൂറാം പന്ത് വരെ മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിക്കും. ധോണിയെ പോലെയൊരു താരത്തെ സ്റ്റമ്പിന് പുറകിൽ ലഭിച്ചത് എന്റെ ഭാഗ്യമാണ് .” കോഹ്ലി കൂട്ടിച്ചേർത്തു.