Skip to content

കഴിഞ്ഞ ഏഴ് മാസങ്ങൾ കഠിനമായിരുന്നു എന്താണ് ചെയ്യേണ്ടതെന്നും അറിയില്ലായിരുന്നു ; ഹർദിക് പാണ്ഡ്യ

കഴിഞ്ഞ ഏഴ് മാസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമായിരുന്നുവെന്ന് മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. ആ സമയങ്ങളിൽ എന്ത് ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് നേടിയശേഷം ഹർദിക് പാണ്ഡ്യ പറഞ്ഞു.

മത്സരത്തിൽ എട്ട് പന്തിൽ 25 റൺസ് നേടി പുറത്താകാതെ നിന്ന പാണ്ഡ്യ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടുകയും ചെയ്തു . ഈ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ 37 റൺസിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ തകർത്തത്.

” ടീമിന്റെ വിജയത്തിൽ സഹായിക്കാനും പങ്കുവഹിക്കാനും സാധിച്ചതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ അധികം മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ബാറ്റ് ചെയ്തുകൊണ്ടേ ഇരുന്നു. ഓരോ ദിവസവും മെച്ചപ്പെടുണമെന്ന് ഞാൻ ആഗ്രഹിച്ചു. ഇപ്പോൾ ഇതുപോലെ ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് ” മത്സരശേഷം പാണ്ഡ്യ പറഞ്ഞു.