Skip to content

ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ ; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് എട്ട് വയസ്സ്

നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് എട്ട് വർഷം. 2011 ഏപ്രിൽ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നുവാൻ കുലശേഖരയെറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയാണ് 130 കോടി ജനങ്ങളുടെയും ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെയും സ്വപ്നം ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയും കൂട്ടരും സാക്ഷാത്കരിച്ചത്. ആറ് വിക്കറ്റിനാണ് ഫൈനലിൽ ശ്രീലങ്കയെ ഇന്ത്യ തകർത്തത്. സെമി ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയും മഹേള ജയവർധനയുടെ തകർപ്പൻ സെഞ്ചുറി മികവിലും 67 പന്തിൽ 48 റൺസ് നേടിയ ക്യാപ്റ്റൻ സംഗക്കാരയുടെ മികവിലും ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 274 റൺസ് നേടി. 275 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ തകർച്ചയോടെയായിരുന്നു തുടങ്ങിയത്. റണ്ണൊന്നും എടുക്കാതെ വീരേന്ദർ സെവാഗിനെയും 18 റൺ മാത്രം നേടിയ സച്ചിൻ ടെണ്ടുൽക്കറെയും ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ട്ടമായി . തുടർന്ന് മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിക്കൊപ്പം 83 റൺസ് കൂട്ടിച്ചേർത്ത ഗൗതം ഗംഭീറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കോഹ്ലി 35 റൺസ് നേടി പുറത്തായപ്പോൾ നാലാം വിക്കറ്റിൽ ധോണിയ്ക്കൊപ്പം 109 റൺസ് കൂട്ടിച്ചേർത്ത ശേഷം 122 പന്തിൽ 97 റൺസ് നേടിയാണ് ഗംഭീർ പുറത്തായത്. ധോണി 91 റൺസ് നേടി പുറത്താകാതെ നിൽക്കുകയും ഇന്ത്യൻ വിജയം ഉറപ്പാക്കുകയും ചെയ്തു.

ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മരണം വരെയും മറക്കാൻ കഴിയാത്ത ഓർമ്മകളാണ് ആ ലോലകപ്പ് ഫൈനൽ സമ്മാനിച്ചത്…