Skip to content

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം സീസണിലും തോൽവിയോടെയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 37 റൺസിനാണ് രോഹിത് ശർമ്മയും കൂട്ടരും പരാജയപെട്ടത്. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. മത്സരത്തിന് മുൻപായി ഒരു സന്തോഷവാർത്തയാണ് മുൻ ചാമ്പ്യന്മാരെ തേടിയെത്തിയിരിക്കുന്നത്.

നേരത്തെ ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ലസിത് മലിംയെ ഐ പി എല്ലിൽ കളിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അനുവദിച്ചിരുന്നില്ല ഐ പി എല്ലിന് പകരം ശ്രീലങ്കയിൽ നടക്കുന്ന സൂപ്പർ പ്രൊവിൻഷ്യൻസ് ഏകദിന ടൂർണമെന്റിൽ കളിക്കാൻ ബോർഡ് ആവശ്യപെട്ടിരുന്നു. എന്നാൽ ഇപ്പോൾ ആ തീരുമാനത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്.

സൂപ്പർ പ്രൊവിഷ്യൻസ് ലീഗിൽ നിന്നും മലിംഗയെ ഐ പി എൽ കളിക്കുവാൻ റിലീസ് ചെയ്യുകയാണെന്നും ഐ പി എല്ലിൽ കൂടുതൽ മികച്ച എതിർ ടീമിനെതിരെ കളിക്കാൻ മലിംഗയ്ക്ക് സാധിക്കുമെന്നും പ്രസ്താവനയിലൂടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.