Skip to content

മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് നേടിയത്. റിഷാബ് പന്തിന്റെ തകർപ്പൻ ബാറ്റിങ് മികവിനും റബാഡയുടെ മികച്ച ബൗളിങ് പ്രകടനത്തിനും മുൻപിൽ പിടിച്ചുനിൽക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. ഡൽഹി ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 19.2 ഓവറിൽ 176 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

മത്സരത്തിൽ പിറന്ന ചില റെക്കോർഡുകൾ കാണാം …

വീണ്ടും മുംബൈ ഇന്ത്യൻസിന് മേൽ ഡൽഹിയുടെ ആധിപത്യം

ഐ പി എൽ ചരിത്രത്തിൽ മുംബൈയ്ക്കെതിരായ ഡൽഹിയുടെ പന്ത്രണ്ടാം വിജയമാണിത്. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സിനെ മറികടന്ന് മുംബൈ ഇന്ത്യൻസിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയപെടുത്തുന്ന ടീമായി ഡൽഹി മാറി. ഇതുവരെ 11 മത്സരങ്ങളിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയിട്ടുണ്ട്.

മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി നേടുന്ന തുടർച്ചയായ മൂന്നാം വിജയം കൂടിയാണിത് . കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിലും വിജയം ഡൽഹിയ്ക്കൊപ്പമായിരുന്നു .

റെക്കോർഡുകൾ തകർത്ത് റിഷാബ് പന്ത്

മത്സരത്തിൽ 27 പന്തിൽ നിന്നും 78 റൺസ് നേടിയ റിഷാബ് പന്ത് 18 പന്തിൽ നിന്നുമാണ് ഫിഫ്റ്റി നേടിയത്. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ മുംബൈയ്ക്കെതിരെ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ഡൽഹി ബാറ്റ്സ്മാനെന്ന നേട്ടവും റിഷാബ് പന്ത് സ്വന്തമാക്കി.

അപൂർവ്വ നേട്ടവുമായി രാഹുൽ തിവാട്ടിയ

മത്സരത്തിൽ നാല് ക്യാച്ചുകൾ ഡൽഹി താരം രാഹുൽ തിവാട്ടിയ നേടി. സച്ചിൻ ടെണ്ടുൽക്കർ, ഡേവിഡ് വാർണർ, ജാക്വിസ് കാലിസ് എന്നിവരാണ് ഇതിനുമുൻപ് ഒരു ഐ പി എൽ മത്സരത്തിൽ നാല് ക്യാച്ചുകൾ നേടിയ ഫീൽഡർമാർ.

മറ്റൊരു നാഴികക്കല്ല് താണ്ടി രോഹിത് ശർമ്മ 

തന്റെ മൂന്നൂറാം ട്വന്റി20 മത്സരമാണ് രോഹിത് ശർമ്മ ഇന്ന് കളിച്ചത്. ഇതോടെ എം എസ് ധോണിയ്ക്കും സുരേഷ് റെയ്‌നയ്ക്കും ശേഷം 300 ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.

വീണ്ടും തോൽവിയോടെ തുടങ്ങി മുംബൈ 

ഇത് തുടർച്ചയായ എട്ടാം സീസണിലാണ് മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ പരാജയപെടുന്നത്.